മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ മഴവെള്ളം ഒഴുകുന്ന കാരത്തോടിന്റെയും കോതേരിത്തോടിന്റെയും ഇരുകരകളും കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കാനുള്ള നിർമാണം വേഗത്തിലാക്കാൻ ജനപതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. നിർമാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ കീഴല്ലൂർ പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു.
മരം മുറിച്ചു മാറ്റുന്നതിൽ ഉണ്ടായ കാലതാമസവും ക്വാറി ഉത്പന്നങ്ങൾക്കുള്ള വില വർധനവും ഇവ കിട്ടാനുള്ള കാലതാമസവുമാണ് പ്രവൃത്തി മന്ദഗതിയിലാക്കിയതെന്ന് യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചു.
കാരത്തോട് പ്രവൃത്തി 1300 മീറ്റർ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. ബാക്കി ഭാഗം മഴയ്ക്ക് മുമ്പ് പൂർത്തിയാക്കാൻ നിർദേശം നൽകി. പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ പ്രദേശത്തെ ജനങ്ങൾ വളരെ ആശങ്കയിലും ബുദ്ധിമുട്ടിലും കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലുമാണെന്നും എംഎൽഎ അറിയിച്ചു.
കോതേരിത്തോട് ഭാഗത്തെ മരങ്ങൾ എത്രയും വേഗത്തിൽ മുറിച്ചു മാറ്റി പ്രവൃത്തി ആരംഭിക്കാനും മഴ ആരംഭിക്കുന്നതിനു മുമ്പ് എല്ലാ പ്രവർത്തികളും പൂർത്തിയാക്കാനും എംഎൽഎ നിർദേശിച്ചു.
യോഗത്തിൽ കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി. സജീവൻ, വൈസ് പ്രസിഡന്റ് വി.വി. വനജാക്ഷി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി. രുധീഷ്, കെ.കെ. പ്രഭാകരൻ, വി. ജസ്ന, അംഗങ്ങളായ പി. ബാബു, എ. പ്രകാശൻ, കെ.പി. സുജാത, കെ.വി. ഷീന, കെ.പി. സിന്ധു, കെ. പ്രശാന്തൻ, പി.കെ. റജീന, സി. ജസീല, പഞ്ചായത്ത് സെക്രട്ടറി എസ്. അജി, ചെറുകിട ജലസേചനവകുപ്പ് എക്സി. എൻജിനിയർ കെ. ഗോപകുമാർ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ വിനോദ്കുമാർ, അസി. എൻജിനിയർ സ്മൃതി സോഹൻ, ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികളായ കെ. പ്രകാശൻ, സി.എസ്. സന്ദീപ് എന്നിവർ പങ്കെടുത്തു.